എത്രയൊക്കെ കൈവഴികൾ ഉണ്ടായാലും, ആ കൈവഴിയിലൂടെ എത്ര തന്നെ ഒഴുകിയാലും, അവസാനം സാഗരത്തിൽ ഒഴുകി ലയിക്കുന്ന നദിയുടെ നിയമം പോലെ, ആത്മാവ് ആത്മാവിൽ മാത്രം ഒന്നായി തീരുന്ന പോലെ ചിലതുണ്ട്.... കാലത്തിനും, ഭാഷയ്ക്കും, ജാതിയ്ക്കും ഉപരി, എല്ലാ ബന്ധങ്ങള്ക്കും, ബന്ധനങ്ങൾക്കും അതീതമായി, മഴനീരിൽ അലിഞ്ഞലിഞ്ഞു ഇല്ലാതായ മിഴിനീരു പോലെ... വെറുതെ ഒന്നോർക്കുമ്പോൾ തന്നെ മനസ്സ് നിറയുകയും, മിഴികൾ തിളങ്ങുകയും ചെയ്യുന്ന ഇലഞ്ഞിപ്പൂവുകളുടെ സുഗന്ധം... ഒരുപാട് അകലെയാണെങ്കിലും അടുത്തറിയുന്ന നിശ്വാസങ്ങൾ... ഓരോ വാക്കിലൂടെയും തൊട്ടറിയുന്ന വാത്സല്യം... ആദ്യ കാഴ്ചയിലും ഓരോരോ കാഴ്ചകളിലും പുതുമകൾ നിറയുന്ന സാമീപ്യം... ഏതോ ജാലക വിരിയ്ക്കപ്പുറത്തു നിന്നും എനിയ്ക്കായി മാത്രമുള്ള ഗന്ധർവ ഗീതികൾ.... സാരമുള്ളവയേയും സാരമില്ലാതാക്കുന്ന സാന്ത്വന മന്ത്രം.... പേരിട്ടു വിളിയ്ക്കാൻ ആവാതെ പോകുന്ന ചില ബന്ധങ്ങൾ... കാഴ്ച്ചയ്ക്കുമപ്പുറം കേട്ടറിവിന്റെ നേരിൽ നന്മ നിറഞ്ഞ ഒരു മന്ദഹാസം... നീയാണിന്നെൻ പ്രിയ സുഹൃത്ത്... നന്മയുടെ, നേരിന്റെ, സാന്ത്വനത്തിന്റെ, കൂടപ്പിറപ്പ്... എന്നും എന്നും എന്റെ സ്വന്തം സുഹൃത്ത്....
Wednesday, February 20, 2019
Tuesday, February 5, 2019
ഇലഞ്ഞിപ്പൂവ്........
ഇലഞ്ഞി മരത്തിന്റെ ചില്ലയിൽ നിന്നും ഒരു കുഞ്ഞു പൂവ് മെല്ലെ വട്ടം കറങ്ങി, ഭുമിയിലേക്ക് പറന്നിറങ്ങി... ഒരു പൂവ് മാത്രം നൽകി എന്നെ പറ്റിക്കണ്ടാട്ടോ.. ഞാൻ ഇലഞ്ഞി മരത്തിന്റെ കാതിൽ ചൊല്ലി.... ഇലഞ്ഞിമരം ഒന്നുകൂടെ ഇളകി.. ഇലഞ്ഞിപൂക്കൾ ഒരു മഴ കണക്കെ താഴേക്ക്... എന്റെ ശരീരം മുഴുവൻ ഇലഞ്ഞിപ്പൂക്കൾ, ചുറ്റിലും ഇലഞ്ഞിപൂക്കളുടെ മനം മയക്കുന്ന ഗന്ധം... ഞാൻ പെട്ടെന്ന് കണ്ണുതുറന്നു.. കണ്ടത് സ്വപ്നമായിരുന്നു.. ഞാൻ മുറ്റത്തിറങ്ങി ഇലഞ്ഞി മരത്തിന്റെ ചുവട്ടിലേക്കു വേഗം നടന്നു...മരത്തിൽ നിന്നും ഒരു ഇലഞ്ഞിപ്പൂവ് എന്റെ കൈയിൽ വന്നു വീണു... ആ പൂവ് എന്നോട് രഹസ്യമായി മന്ത്രിച്ചു, ഞാൻ ഈ മരത്തിലെ അവസാനത്തെ പൂവാണ്..... ഇനിയൊരിക്കലും മറ്റൊരു പൂവ് തേടി നീ വരരുത്... ഞാൻ തന്ന സുഗന്ധം നിന്നിൽ നിന്നും മായാതെ പോകട്ടെ... പക്ഷെ ഞാനിന്നും കാത്തിരിക്കുന്നു... ഒരുനാൾ ഇലഞ്ഞി മരം പൂത്തുലഞ്ഞു ഇലഞ്ഞിപ്പൂക്കൾ പൊഴിക്കുന്നത് കാണാനാവുമെന്ന പ്രത്യാശയോടെ....!!!!
Subscribe to:
Posts (Atom)

