Sunday, December 18, 2016

മറവി,,,,,,,,,,

മറവി തൻ മാസ്മരിക ലോകമെ നിൻ-
വിരൽത്തുമ്പിൽ തൂങ്ങിയ നാളുകൾ-
ഒരിക്കലും മറക്കില്ല ഞാൻ എങ്കിലും-
നിൻ കാൽപ്പാദം പിന്തുടരുന്നില്ല ഞാൻ.
നിന്നെക്കുറിച്ചുളള ഓർമ്മകൾ എൻ മനസ്സിൽ-
മറവിയായ് ശേഷിക്കവേ, ഇനിയൊരിക്കലും നീ-
മടങ്ങി വരില്ലയെന്നോർത്തു ഞാൻ എങ്കിലും-
കാലമാം മറവിയെൻ കൂടപ്പിറപ്പാകുന്നുവോ..
കണ്ണുനീർ കടലിൽ മുങ്ങിത്താഴുന്ന സൂര്യനെ-
ഒരു നോക്കു കാണാൻ നാം ഒരുമിച്ചു പോയതും,-
അന്നാ തീരത്തു മണ്ണു വാരിക്കളിച്ചതും-
നിൻ പാവാടത്തുമ്പിൽ ഒളിച്ചു കളിച്ചതും-
നിൻ വിറയാർന്ന ചുണ്ടുകളെന്നിൽ-
എന്തോ തിരഞ്ഞതും, നിൻ കൊലുസുകൾ-
എനിക്കായ് താളം പിടിച്ചതും ഒരു മറവിയായ്-
മാറിയതോ...അതോ അന്നു മറഞ്ഞ-
സൂര്യൻ ഇനിയൊരിക്കലും വരില്ലയെന്ന്-
ഞാൻ സ്വയം മറന്നതോ............

Friday, November 11, 2016

ആശുപത്രിയില്‍ ,,,,,

എന്ടെ ഇന്നലെകളെ....
നിങ്ങളെ  തിരിച്ചറിയുന്നതിന് വേണ്ടിയാണോ എനിക്ക് ഈ വനവാസം സമ്മാനിച്ചത്..... എന്ടെ ഹൃസ്വമായ ജീവിത യാത്രയിൽ... നീ എനിക്കു അനുവദിച്ച വിലപ്പെട്ട നിമഷങ്ങൾ... എന്നിൽ നിന്നും, ഏന്തിനു നീ അടർത്തിയെടുത്തു ....

ഈ ചില്ലിട്ട ജാലകത്തിനപ്പുറത്തെ വിശാലമായ ലോകത്തിലേക്ക് പന്നുയരാൻ മനസു വെമ്പുന്നു.... ഇന്നലെ വൈകീട്ട് ആകാശത്തിലാരോ ചുവപ്പും, മഞ്ഞയും കൂട്ടികലർത്തിയ ചായം കൊണ്ട് ചിത്രം വരച്ചിരിക്കുന്നു.......

കൂടണയാൻ വെമ്പുന്ന കിളികളെ  നോക്കിയിരിക്കേ എൻ മനമൊന്നു വിതുമ്പി..... എന്ടെ പ്രിയ പത്നി... എന്ടെ കുഞ്ഞു മക്കൾ... കുറച്ചു ദിവസമായി കണ്ടിട്ട്... ഇതു വരെ ഒരു ദിവസത്തിൽ കൂടുതൽ മാറി നിന്നിട്ടില്ലാ...ഇതു വരെയില്ലാത്ത ഒരു വീർപ്പുമുട്ടൽ...

ശരീരത്തിന്ടെ തളർച്ച മനസിനെ വല്ലാതെ പിടിച്ചുലക്കുന്നു. വ്യത്യസ്തങ്ങളായ ജീവിതങ്ങൾ ഞാനിവിടെ കണ്ടുമുട്ടി. ആരോടും പരിഭവമില്ലാത്തവർ,...

തന്ടെ ഈ അവസ്ഥയ്ക്ക് കാരണം ഈ അപരിചിതരാണ് എന്നു തോന്നുംവിധം പെരുമാറുന്നവർ... ആരെയും കുറ്റം പറയുന്നതല്ല കേട്ടോ... കാലംമായ്ക്കാത്ത മുറിവും പേറി നടക്കുന്നവർ.
 ചില നേരങ്ങളിൽ അലമുറയിട്ടു കൊണ്ട് മരണവണ്ടി, ചീറിപ്പാഞ്ഞു വരുന്നു...അടക്കിപ്പിടിച്ച തേങ്ങലുകൾ ചിലപ്പോഴൊക്കെ വാവിട്ട നിലവിളിയായ് ഉയർന്നു കേൾക്കാം...

                തുടരും..........

നിശാശലഭം,,,,,,

എന്ടെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ രക്തത്തിൽ മുക്കി, സ്വപ്നങ്ങളുടെ ഏഴുവർണ്ണങ്ങ ൾ കൂട്ടികലർത്തി,   ജീവിതത്തിന്ടെ താളുകളിലാണ് ഞാൻ
എഴുതിത്തുടങ്ങിയത്....

ഏകാന്തതയായിരുന്നു എന്ടെ തൂലിക...ചിത്രശലഭങ്ങളും, മഞ്ഞു പൊഴിയുന്ന താഴ്വാരവും, പ്രണയവും, വിരഹവുമെല്ലാം പുതിയ കൂടിനുളളിൽ പുഞ്ചിരിച്ചു നിന്നു..

ഭാവനയുടെ മഴ, മനസിന്ടെ മുറ്റത്തെ കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കി മാറ്റി..... എഴുതിയ അക്ഷരങ്ങൾക്ക് ചെവിയോർത്തു, ആത്മാവിന്ടെ വിതുമ്പൽ കേൾക്കുന്നുണ്ടോ....?

ഓർമ്മകൾ പെയ്തു തോർന്നപ്പോൾ ശേഷിച്ച കലക്കവെളളത്തിൽ, കളിവഞ്ചിയോടിക്കാൻ കൂട്ടിരുന്നവൻ പറഞ്ഞു..... നിനക്ക് ദിശ തെറ്റുന്നു,...നിന്ടെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു......

വാക്കുകളിൽ എന്ടനുവാദമില്ലാത  പറന്നു വന്ന  ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു... ചായങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെളളയാക്കി...

ഇനി പുതിയ ചിന്തകളാവാം...അല്പം വിഷം പുരട്ടിയാൽ വാക്കിന്ടെ അസ്ത്രം  ലക്ഷ്യം കാണും....

പിന്നീട് മനസിന്ടെ കോണിൽ കോറിയിട്ടത് അഴുക്കുചാലുകളെ കുറിച്ചായിരുന്നു... സമൂഹത്തിന്ടെ തായ്‌വേരു ചികഞ്ഞ്, ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി.....

കാൽ വഴുതി വെളളത്തിൽ വീണ കൂനനുറുമ്പിന്, കൈ പിടിച്ചു കയറാൻ പ്രതീക്ഷയുടെ പച്ചില നുളളിയിട്ട്, അവൻ പിന്നേയും കളിയാക്കി...

അവൻ എന്നോട് മന്ത്രിച്ചു.... നിന്ടെ വാക്കുകൾ ചേർത്തു വെച്ച പെട്ടകം ഭ്രാന്തൻ തിരകൾ അടിച്ചു തകർക്കും...രക്ഷിക്കാൻ ആരും വരില്ല... നീ സ്വപ്നത്തിലാണ് ഉണർന്നിട്ടെഴുതൂ.....
ഇനിയെന്തെഴുതാൻ...?

വാക്കുകൾ ചിന്തയുടെ അറ്റത്തെ മുത്തുകൾ തിരഞ്ഞു..
മനസ്സിനെ ആഞ്ഞൊന്നു കുലുക്കിയപ്പോൾ,ഒന്നു രണ്ട് അക്ഷരക്കൂട്ടങ്ങൾ ചിതറിവീണു...

എല്ലാം ചേർത്തു വെച്ച് ആ വാക്കുകൾക്ക് ചെവിയോർത്തു....
കടലിന്ടെ ആരവം കേൾക്കുന്നുണ്ടോ....ഇല്ല... എന്ടെ ആത്മാവിന് തീ പിടിച്ചിരിക്കുന്നു....
ദിശയിനിയും തെറ്റുംമുമ്പേ, എനിക്ക് അക്ഷരങ്ങളെ തിരഞ്ഞു പോകണം..

ഹൃദയത്തിൽ നിന്നും ഇറ്റു വീണ രക്തത്തിൽ വിരൽ മുക്കി എഴുതണം..
ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ, എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..... അവസാനം എന്ടെ കണ്ണുനീർ ഇറ്റുവീഴിച്ച് ആ പെട്ടകം തകർക്കണം.... ആഴിയുടെ ആഴങ്ങളിൽ അവസാന ശ്വാസം വലിക്കുന്ന ആത്മാവിനോട് വീണ്ടും ഒരു പുതിയ കവിതയ്ക്ക് വിഷയം  തിരയാൻ പറയണം.... എഴുതണം പിന്നെയും, പിന്നെയും.. പ്രാണൻ  അകന്ന ജഡം പുഴുവരിക്കുമ്പോഴും.....

നിശബ്ദ സഞ്ചാരി

ഇതാ ഞാനിവിടെയുണ്ട്....ഈ വിജനതയുടെ തീരത്ത്....
തിരകളുടെ, തീരത്തിലേക്കുളള ദൂരമളന്ന്,
രാപ്പകലുകളുടെ അതിർവരമ്പിൽ,
സന്ധ്യയുടെ മടിയിൽ ഞാനിരുപ്പുണ്ട്.......

ഇന്നലെകളിൽ ഞാനുണ്ടായിരുന്നു....
വെട്ടിമരിക്കുന്ന സഹോദരങ്ങളുടെ
രക്തം ഇറ്റു വീണ മരുഭൂമിയിൽ.....
ഒറ്റുകൊടുത്ത കാശിന്ടെ കിലുക്കത്തിൽ.....
പാപത്തിന്ടെ കൈ കഴുകലിൽ.....
പച്ച മാംസത്തിൽ താഴ്ന്നിറങ്ങിയ ഇരുമ്പാണിയിൽ.....
എവിടേയും ഞാനുണ്ടായിരുന്നു....

ഇന്നും ഞാനുണ്ട് ഒരു നിശ്വാസത്തിന്ടെ കണക്കുകളുമായി....
കണ്ണീരിൽക്കുതിർന്ന കുപ്പിവളത്തുണ്ടുകളിൽ......
വിയർപ്പിലലിഞ്ഞ സിന്ദൂരത്തിൽ......
അന്നത്തിനു കൈനീട്ടി മരണമേറ്റു വാങ്ങിയ,  
ബാല്യത്തിന്ടെ അവസാന ശ്വാസത്തിൽ.......
പട്ടിണിക്കോലങ്ങളുടെ അന്തിക്കൂരകളിൽ.....
ചോര മണക്കുന്ന തെരുവുകളിൽ.....
ഞാനിപ്പോഴും നടക്കുന്നു...ഓർമ്മകളുടെ മാറാപ്പുമായി.....

നാളെകളിലും ഞാനുണ്ടാവും....
വേദനിക്കുന്നവന്ടെ കണ്ണുനീരിലും.....
ചിരിക്കുന്നവന്ടെ കണ്ണിലെ തിളക്കത്തിലും......
കാലത്തിനു മുന്നേ ഞാൻ നടന്നു കൊണ്ടിരിക്കും....

ഒന്നും എനിക്ക് വേണ്ടി കാത്തിരിക്കില്ലെങ്കിലും,
ഞാനറിയാതൊരു നിമിഷം, കടന്നു പോവില്ലെന്ന വിശ്വാസത്തിൽ,
ഞാനുണ്ട് നിഴലായും,  നിലാവായും .....
നിന്നിലും, അവനിലും, അവളിലും പിന്നെ......!!???

Wednesday, July 27, 2016

നിനക്കായി മാത്രം...



ഒരു  കവിതയെഴുതണമെന്നുണ്ട്‌  നിനക്കായി  മാത്രം..  വൃത്തവും അലങ്കാരവും,  ഛന്ദസ്സും  കാവ്യ  ഭംഗിയുമില്ലാതെ ..!!
 
എന്റെ  വികാരങ്ങള്‍  മാത്രം  കുത്തിനിറച്ച്‌,  വിചാരങ്ങളില്‍  നിന്നെ  മാത്രം ആവാഹിച്ച്‌ ...!!
 
എന്റെ വിഭ്രമാകാശത്ത്‌   ഉരുണ്ടു   കൂടി, കറുത്തിരുണ്ട   മേഘങ്ങളില്‍  നിന്ന്‌ അറിയാതെ  നിപതിച്ച്‌  നിന്റെ  നെറുകയില്‍  ചുംബിച്ചുടയുന്നയെന്‍ മോഹത്തുള്ളികളെ  കുറിച്ച്..!!‌
 
പ്രണയിക്കുവാനിന്ന്‌  ലിപികള്‍ക്കപ്പുറം,  വാക്കുകള്‍ക്കപ്പുറം,  ശരീരഭാഷ തിരയുന്ന  കലിയുഗത്തെക്കുറിച്ച്‌..!!
 
നിന്റെ  ശൂന്യമായ  മനസ്സില്‍  എനിക്കായ്  ഒരുക്കിയിരിക്കുന്ന  ഗ്രീഷ്മത്തിന്‍  തലോടലാല്‍  വരണ്ടുണങ്ങിയ  താഴ്‌വര  പോല്‍  ഒന്നുമില്ലാത്ത  ഇടത്തെക്കുറിച്ച്‌ ..!!
 
നീ  അറിയാതെ  പോകുന്ന എന്റെ   പ്രണയത്തെക്കുറിച്ച്‌  നിനക്കായി  മാത്രം... !!!! നിനക്കായി  മാത്രം... !!!!

വര.........


കരിക്കട്ട കൊണ്ട്, ചുവരില്‍ കോറിയിട്ട തത്തകളുടെ കൂട്ടം ചുവര് വിട്ടു ആകാശത്തെ തേടി പറന്നു പറന്നു പോയി....!!!!

കുറ്റിപ്പെൻസിൽ ‍കൊണ്ട് പുസ്തകത്താളില്‍ വരച്ചു വെച്ച നക്ഷത്രക്കുഞ്ഞുങ്ങള്‍ ഇരുളു വന്നപ്പോള്‍ ആകാശത്തെ തേടി
നടന്നു നടന്നു മറഞ്ഞു.....!!!!!

ജലച്ചായത്താല്‍, ജീവന്‍ പകര്‍ന്ന പരൽ മീനുകൾ ചിത്രത്താളില്‍ പിടഞ്ഞുണര്‍ന്നു വഴുതി വഴുതി പിടി തരാതെ ജലാശയം തേടി നീന്തി നീന്തി മറഞ്ഞു.......!!!!!

മരങ്ങളെ വരച്ചാല്‍ അവ കാടു തേടിപ്പോകും...
പുഴകളെ വരച്ചാല്‍ അവ കടൽ തേടി ഒഴുകും....
പൂക്കളെ വരച്ചാല്‍ അവ ഉദ്യാനങ്ങൾ തേടി പോകും...!!!!

അതിരുകളില്ലാത്ത പ്രപഞ്ചത്തിന്റെ അതിരുകൾ തേടി ഇരുളുകളിലേക്ക് ഓടി മറഞ്ഞാലോ എന്നു പേടിച്ചിട്ടാണ് ഞാൻ ഇപ്പോള്‍ ഭൂമിയെ വരക്കാത്തത്.....!!!!

കടലാസു കീറുകൾ.....


എന്നെ അറിയുമോ സഖീ
അന്നൊരു കൊടും ശൈത്യത്തിൽ
ഇത്തിരി കനലിനായ് നിന്നരികത്തണഞ്ഞതും
വിറയാർന്ന കൈയ്യാൽ നിന്നെ തൊട്ടു വിളിച്ചതും
തണുത്തുറഞ്ഞൊരെൻ രക്തധമനിയിൽ
നീ അന്നൊരഗ്നിജ്വാല  പകർന്നതും
പിന്നെത്രയോ ശിശിരയാമങ്ങളിൽ
ചൂടു തേടി ഞാന്‍ നിൻ കൂടണഞ്ഞതും
ചന്ദനത്തിരിയെരിയുന്ന  സുഗന്ധയാമങ്ങളിൽ
നാം ഒരുമിച്ചലിഞ്ഞു  ചേർന്നതും
വേനലിൽ നിന്നരികിലണഞ്ഞ്
മഞ്ഞിൻ കണം തേടിയതും
വറ്റി വരണ്ട നാവാലിടറിയന്നു
നിൻ പേരു ഞാന്‍ പുലമ്പിയതും
നിൻ ചുണ്ടില്‍ കിനിഞ്ഞ തേനന്നു നീ
എനിക്കു പകർന്നതും ഞാൻ നുണർന്നതും
എന്നെ അറിയുമോ സഖീ
ഒരു വിളിപ്പാടകലത്തുണ്ടു ഞാന്‍
നിൻ ഓർമ്മകളിൽ തിരയൂ സഖീ
നീ നീട്ടിയ ചൂണ്ടുവിരലിൻ
താളം കണ്ടു ഞാന്‍ കൂടെയൊരു
കടലാസു കീറുകൾ നിറഞ്ഞൊരാ കൂടയും
അതിലെൻ ആത്മപരിചിതങ്ങളാം അക്ഷരങ്ങള്‍
മൃത്യു പുൽകിയ കടലാസു കീറുകൾ
ഞാനെന്ന വെറും കടലാസു കീറുകൾ....!!!

എനിക്കും വേണം ഒരു ലൈക്ക്...

 
ചൂട് ഇന്ന് 40 ഡിഗ്രി കടന്നിരിക്കുന്നു... സൂര്യതാപത്തിൽ നിന്നും ഓടി മറയുമ്പോൾ ചൂട് കാറ്റ് പിന്തുടരുന്നു.........
ഒരു driving കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അലസ്സമായ ക്ഷീണമകറ്റാൻ വിസ്തരിച്ചൊന്നു കുളിക്കാൻ  തീരുമാനിച്ചു......

മഴപോലെ ഷവറിൽ നിന്നും വെള്ളം പെയ്തിറങ്ങിയപ്പോൾ നല്ലൊരു മഴ കൊണ്ട പ്രതീതി...... സോപ്പിട്ടു പതപ്പിക്കാൻ ഇഷ്ടമുള്ള എനിക്ക് പതകളുടെ ഒരു ഹിമാലയ പർവ്വതം ഞാന്‍ എന്റെ തലയ്ക്കു മുകളിൽ പണിതു...... കുളിയെല്ലാം കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍ തോന്നിയ കൗതുകം......

ഹെയർ സ്റ്റൈൽ മാറി മാറി പരീക്ഷിക്കുമ്പോൾ എന്നിൽ ദുൽകർ സൽമാനും, വിക്രമും, അജിത്തും എന്തിന് മുടിയില്ലാത്ത ഫഹദ് ഫാസിൽ പോലും കണ്ണാടിയിൽ പതിഞ്ഞു...

Dress മാറിയപ്പോൾ വീണ്ടും കണ്ണാടിയുടെ മുന്നിലോട്ട്.. മുടിയുടെ ചേല് ഒന്നുകൂടി മാറ്റിയപ്പോൾ ആകെ ഒരു ഫ്രീക് ലുക്ക്.... കാണേണ്ട താമസം ഉടനെ തന്നെ ഒരു സെൽഫി... പിന്നെ പറയേണ്ടല്ലോ പല രൂപങ്ങളിൽ എടുത്ത സെൽഫിയിൽ ഒരു നല്ല സെൽഫി ഏതെന്നു കണ്ടെത്താൻ ഒരു ചെറിയ ആശയകുഴപ്പം... മറ്റൊന്നു കൊണ്ടല്ല എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ ..!!!

ഇനിയുള്ള ലക്ഷ്യം like... comment.. facebook ലക്ഷ്യമാക്കി നടന്നു.. 500 ല്‍ അധികം കൂട്ടുകാരുള്ള എനിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും കൂടുതൽ 65 ലൈക്കുകൾ.... പൊതുവെ like കൊടുക്കാൻ മടിയുള്ള എനിക്ക് പ്രതീക്ഷിക്കുന്നതിലും അധികമാണോ എന്ന് തോന്നിയേക്കാം.....
പിന്നെ ഒരു കാര്യമുണ്ട് ചില വിരുതന്മാർ ലൈക്കുകൾ ചോദിച്ചു വാങ്ങിക്കുന്നു..... ചിലരോ ഒരു കൗശല ബുദ്ധിയോടെ ഫ്രണ്ട്സിന് tag ചെയ്യുന്നു..... ഇഷ്ടമുള്ളവരുടെ ലൈക്കുകൾ മാത്രം പ്രതീക്ഷിച്ചു കൊണ്ട്..... പതിവ് രീതി ലൈക്കുകളേക്കാൾ കൂടുതലും comments ആണോ ഇന്ന് പ്രതീക്ഷിക്കേണ്ടത്........??

വാൽക്കഷ്ണം....
(ലൈക്കുകളുടെ ലോകത്തേക്ക് ഒരു കൈ നോക്കാം എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഇറങ്ങിത്തിരിച്ചതാ.......)

Saturday, June 18, 2016

പൊക്കിൾക്കൊടി.....


ഒരു ഹൃദയസ്പന്ദനം മാത്രമായി മാംസഭിത്തിക്കുളളിൽ ഏകയായിരുന്നപ്പോഴും.... ചുവന്ന ലോകത്തിനു പുറമെയുളള മുഴക്കമുളള ശബ്ദങ്ങള്‍ ഓരോ ഞെട്ടലായപ്പോഴും,. അവള്‍ക്ക് ആശ്വാസമായത് ആ   പോക്കിള്‍ക്കൊടി മാത്രമായിരുന്നു......

അവള്‍ക്ക് ജീവന്‍ നല്‍കിയിരുന്ന പൊക്കിള്‍ക്കൊടിയില്‍  നിന്ന് ബന്ധങ്ങളുടെ  ആദ്യ പാഠങ്ങള്‍ പഠിച്ചു......ആദ്യ ശ്വാസത്തിനൊപ്പം മുറിക്കപ്പെട്ട പൊക്കിള്‍ക്കൊടി,... അവളെ ബന്ധങ്ങള്‍ അറുത്തെറിയാന്‍ പഠിപ്പിച്ചു.......

ഒടുവില്‍ ഉണങ്ങി വേരോടെ പൊഴിഞ്ഞ പൊക്കിള്‍ക്കൊടി അമ്മയെ തളളിപ്പറയാന്‍ അവളെ പഠിപ്പിച്ചു... മാതൃബന്ധത്തിന്ടെ പരിശുദ്ധിയുടെ പ്രത്യക്ഷ അടയാളമായ പോക്കിള്‍ ഇന്ന് കാമത്തിന്ടെ പ്രതിബിംബമായിരിക്കുന്നു....

ആഴം കൂടിവന്ന പൊക്കിള്‍ച്ചുഴിയില്‍, കാമത്തിന്ടെ തിരകള്‍, അവള്‍ ഒളിപ്പിച്ചു വെച്ചു....അവള്‍ക്കുളള ഇരകള്‍ ആ ചൂണ്ടക്കൊളുത്തും തേടി വീണ്ടും വീണ്ടും എത്തിക്കൊണ്ടിരുന്നു....

ഒരിക്കല്‍ അവളുടെ അടിവയറിനും, ഭാരമേറിവന്നു...അതിനു പതുക്കെ ചലനം വെച്ചു വന്നു.... പോക്കിള്‍ബന്ധം അറുത്തെറിഞ്ഞു സ്വതന്ത്രയാകാന്‍ വെമ്പും പോലെ കുഞ്ഞിക്കാലുകള്‍ അവളുടെ വയറില്‍ ചവിട്ടിമെതിച്ചു......

പൊക്കിള്‍ കൊടിയില്‍ കത്രികയുടെ വായ് അമരുമ്പോള്‍ ആദ്യമായി അവള്‍ തന്ടെ അമ്മയെ ഓര്‍ത്തു.... മുറിവില്‍ നിന്നും ഊറിയ ഒരുതുള്ളി രക്തം തറയില്‍ വീണുചിതറി..........

തുളുമ്പിവന്ന കണ്ണുനീർ  പതുക്കെ അവളുടെ കാഴ്ചയെ മറച്ചു............