Friday, November 11, 2016

ആശുപത്രിയില്‍ ,,,,,

എന്ടെ ഇന്നലെകളെ....
നിങ്ങളെ  തിരിച്ചറിയുന്നതിന് വേണ്ടിയാണോ എനിക്ക് ഈ വനവാസം സമ്മാനിച്ചത്..... എന്ടെ ഹൃസ്വമായ ജീവിത യാത്രയിൽ... നീ എനിക്കു അനുവദിച്ച വിലപ്പെട്ട നിമഷങ്ങൾ... എന്നിൽ നിന്നും, ഏന്തിനു നീ അടർത്തിയെടുത്തു ....

ഈ ചില്ലിട്ട ജാലകത്തിനപ്പുറത്തെ വിശാലമായ ലോകത്തിലേക്ക് പന്നുയരാൻ മനസു വെമ്പുന്നു.... ഇന്നലെ വൈകീട്ട് ആകാശത്തിലാരോ ചുവപ്പും, മഞ്ഞയും കൂട്ടികലർത്തിയ ചായം കൊണ്ട് ചിത്രം വരച്ചിരിക്കുന്നു.......

കൂടണയാൻ വെമ്പുന്ന കിളികളെ  നോക്കിയിരിക്കേ എൻ മനമൊന്നു വിതുമ്പി..... എന്ടെ പ്രിയ പത്നി... എന്ടെ കുഞ്ഞു മക്കൾ... കുറച്ചു ദിവസമായി കണ്ടിട്ട്... ഇതു വരെ ഒരു ദിവസത്തിൽ കൂടുതൽ മാറി നിന്നിട്ടില്ലാ...ഇതു വരെയില്ലാത്ത ഒരു വീർപ്പുമുട്ടൽ...

ശരീരത്തിന്ടെ തളർച്ച മനസിനെ വല്ലാതെ പിടിച്ചുലക്കുന്നു. വ്യത്യസ്തങ്ങളായ ജീവിതങ്ങൾ ഞാനിവിടെ കണ്ടുമുട്ടി. ആരോടും പരിഭവമില്ലാത്തവർ,...

തന്ടെ ഈ അവസ്ഥയ്ക്ക് കാരണം ഈ അപരിചിതരാണ് എന്നു തോന്നുംവിധം പെരുമാറുന്നവർ... ആരെയും കുറ്റം പറയുന്നതല്ല കേട്ടോ... കാലംമായ്ക്കാത്ത മുറിവും പേറി നടക്കുന്നവർ.
 ചില നേരങ്ങളിൽ അലമുറയിട്ടു കൊണ്ട് മരണവണ്ടി, ചീറിപ്പാഞ്ഞു വരുന്നു...അടക്കിപ്പിടിച്ച തേങ്ങലുകൾ ചിലപ്പോഴൊക്കെ വാവിട്ട നിലവിളിയായ് ഉയർന്നു കേൾക്കാം...

                തുടരും..........

നിശാശലഭം,,,,,,

എന്ടെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ രക്തത്തിൽ മുക്കി, സ്വപ്നങ്ങളുടെ ഏഴുവർണ്ണങ്ങ ൾ കൂട്ടികലർത്തി,   ജീവിതത്തിന്ടെ താളുകളിലാണ് ഞാൻ
എഴുതിത്തുടങ്ങിയത്....

ഏകാന്തതയായിരുന്നു എന്ടെ തൂലിക...ചിത്രശലഭങ്ങളും, മഞ്ഞു പൊഴിയുന്ന താഴ്വാരവും, പ്രണയവും, വിരഹവുമെല്ലാം പുതിയ കൂടിനുളളിൽ പുഞ്ചിരിച്ചു നിന്നു..

ഭാവനയുടെ മഴ, മനസിന്ടെ മുറ്റത്തെ കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കി മാറ്റി..... എഴുതിയ അക്ഷരങ്ങൾക്ക് ചെവിയോർത്തു, ആത്മാവിന്ടെ വിതുമ്പൽ കേൾക്കുന്നുണ്ടോ....?

ഓർമ്മകൾ പെയ്തു തോർന്നപ്പോൾ ശേഷിച്ച കലക്കവെളളത്തിൽ, കളിവഞ്ചിയോടിക്കാൻ കൂട്ടിരുന്നവൻ പറഞ്ഞു..... നിനക്ക് ദിശ തെറ്റുന്നു,...നിന്ടെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു......

വാക്കുകളിൽ എന്ടനുവാദമില്ലാത  പറന്നു വന്ന  ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു... ചായങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെളളയാക്കി...

ഇനി പുതിയ ചിന്തകളാവാം...അല്പം വിഷം പുരട്ടിയാൽ വാക്കിന്ടെ അസ്ത്രം  ലക്ഷ്യം കാണും....

പിന്നീട് മനസിന്ടെ കോണിൽ കോറിയിട്ടത് അഴുക്കുചാലുകളെ കുറിച്ചായിരുന്നു... സമൂഹത്തിന്ടെ തായ്‌വേരു ചികഞ്ഞ്, ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി.....

കാൽ വഴുതി വെളളത്തിൽ വീണ കൂനനുറുമ്പിന്, കൈ പിടിച്ചു കയറാൻ പ്രതീക്ഷയുടെ പച്ചില നുളളിയിട്ട്, അവൻ പിന്നേയും കളിയാക്കി...

അവൻ എന്നോട് മന്ത്രിച്ചു.... നിന്ടെ വാക്കുകൾ ചേർത്തു വെച്ച പെട്ടകം ഭ്രാന്തൻ തിരകൾ അടിച്ചു തകർക്കും...രക്ഷിക്കാൻ ആരും വരില്ല... നീ സ്വപ്നത്തിലാണ് ഉണർന്നിട്ടെഴുതൂ.....
ഇനിയെന്തെഴുതാൻ...?

വാക്കുകൾ ചിന്തയുടെ അറ്റത്തെ മുത്തുകൾ തിരഞ്ഞു..
മനസ്സിനെ ആഞ്ഞൊന്നു കുലുക്കിയപ്പോൾ,ഒന്നു രണ്ട് അക്ഷരക്കൂട്ടങ്ങൾ ചിതറിവീണു...

എല്ലാം ചേർത്തു വെച്ച് ആ വാക്കുകൾക്ക് ചെവിയോർത്തു....
കടലിന്ടെ ആരവം കേൾക്കുന്നുണ്ടോ....ഇല്ല... എന്ടെ ആത്മാവിന് തീ പിടിച്ചിരിക്കുന്നു....
ദിശയിനിയും തെറ്റുംമുമ്പേ, എനിക്ക് അക്ഷരങ്ങളെ തിരഞ്ഞു പോകണം..

ഹൃദയത്തിൽ നിന്നും ഇറ്റു വീണ രക്തത്തിൽ വിരൽ മുക്കി എഴുതണം..
ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ, എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..... അവസാനം എന്ടെ കണ്ണുനീർ ഇറ്റുവീഴിച്ച് ആ പെട്ടകം തകർക്കണം.... ആഴിയുടെ ആഴങ്ങളിൽ അവസാന ശ്വാസം വലിക്കുന്ന ആത്മാവിനോട് വീണ്ടും ഒരു പുതിയ കവിതയ്ക്ക് വിഷയം  തിരയാൻ പറയണം.... എഴുതണം പിന്നെയും, പിന്നെയും.. പ്രാണൻ  അകന്ന ജഡം പുഴുവരിക്കുമ്പോഴും.....

നിശബ്ദ സഞ്ചാരി

ഇതാ ഞാനിവിടെയുണ്ട്....ഈ വിജനതയുടെ തീരത്ത്....
തിരകളുടെ, തീരത്തിലേക്കുളള ദൂരമളന്ന്,
രാപ്പകലുകളുടെ അതിർവരമ്പിൽ,
സന്ധ്യയുടെ മടിയിൽ ഞാനിരുപ്പുണ്ട്.......

ഇന്നലെകളിൽ ഞാനുണ്ടായിരുന്നു....
വെട്ടിമരിക്കുന്ന സഹോദരങ്ങളുടെ
രക്തം ഇറ്റു വീണ മരുഭൂമിയിൽ.....
ഒറ്റുകൊടുത്ത കാശിന്ടെ കിലുക്കത്തിൽ.....
പാപത്തിന്ടെ കൈ കഴുകലിൽ.....
പച്ച മാംസത്തിൽ താഴ്ന്നിറങ്ങിയ ഇരുമ്പാണിയിൽ.....
എവിടേയും ഞാനുണ്ടായിരുന്നു....

ഇന്നും ഞാനുണ്ട് ഒരു നിശ്വാസത്തിന്ടെ കണക്കുകളുമായി....
കണ്ണീരിൽക്കുതിർന്ന കുപ്പിവളത്തുണ്ടുകളിൽ......
വിയർപ്പിലലിഞ്ഞ സിന്ദൂരത്തിൽ......
അന്നത്തിനു കൈനീട്ടി മരണമേറ്റു വാങ്ങിയ,  
ബാല്യത്തിന്ടെ അവസാന ശ്വാസത്തിൽ.......
പട്ടിണിക്കോലങ്ങളുടെ അന്തിക്കൂരകളിൽ.....
ചോര മണക്കുന്ന തെരുവുകളിൽ.....
ഞാനിപ്പോഴും നടക്കുന്നു...ഓർമ്മകളുടെ മാറാപ്പുമായി.....

നാളെകളിലും ഞാനുണ്ടാവും....
വേദനിക്കുന്നവന്ടെ കണ്ണുനീരിലും.....
ചിരിക്കുന്നവന്ടെ കണ്ണിലെ തിളക്കത്തിലും......
കാലത്തിനു മുന്നേ ഞാൻ നടന്നു കൊണ്ടിരിക്കും....

ഒന്നും എനിക്ക് വേണ്ടി കാത്തിരിക്കില്ലെങ്കിലും,
ഞാനറിയാതൊരു നിമിഷം, കടന്നു പോവില്ലെന്ന വിശ്വാസത്തിൽ,
ഞാനുണ്ട് നിഴലായും,  നിലാവായും .....
നിന്നിലും, അവനിലും, അവളിലും പിന്നെ......!!???