Wednesday, December 1, 2021

എന്റെ സുഹൃത്തിന്...


നിന്നെ പരിചയപ്പെടുന്നതിനു മുൻപ് ഞാനറിഞ്ഞിരുന്നില്ല,  മഴകൾക്കും കിളികൾക്കും മരങ്ങൾക്കും, എന്തിനുമേറെ പറയണം പുൽനാമ്പിലെ ഹിമകണത്തിനു പോലും  ഇത്രയേറെ പറയാനുണ്ടെന്ന്.... 


തണുത്ത പ്രഭാതങ്ങളിലും, കത്തിയെരിയുന്ന വേനൽച്ചൂടിലും, ഇരുട്ടിലും, കണ്ണുനീരിലും, സ്വപ്നങ്ങളിലെ സുന്ദര നിമിഷങ്ങളിലും, നീയായിരുന്നു മനസ്സു നിറയെ... നീ ആരായിരുന്നെന്നോ, എവിടെ നിന്നും വന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല... എങ്കിലും നീ തെളിച്ച സൗഹൃദത്തിന്‍റെ  കെടാവിളക്ക്  ഞാനിന്നും അണയാതെ കാത്തു സൂക്ഷിക്കുന്നു.... 


മനസ്സിലെ വൃന്ദാവനങ്ങളിൽ പൂക്കുന്ന പൂക്കൾക്കെല്ലാം നിന്റെ ചിരിക്കുന്ന മുഖമായിരുന്നു.... പൊഴിയുന്ന നിലാവിന് നിന്‍റെ  ശോഭയായിരുന്നു... നിന്റെ മൗനം താരകങ്ങൾ ഇല്ലാത്ത രാത്രികൾ പോലെയാണ്..  നീ മുന്നിലൂടെ കടന്നുപോയ നിമിഷങ്ങൾ, പക്ഷികൾ കലപില കൂട്ടുന്ന ഉഷസ്സുകളിലും, സാന്ദ്രമൗനത്തിന്റെ ത്രിസന്ധ്യകളിലും, വെയിൽ മാഞ്ഞ കടല്‍ത്തീരങ്ങളിലും,  മനസ്സിന്‍റെ  മണിച്ചെപ്പിൽ ഒരായിരം മഞ്ചാടി മണികൾ സമ്മാനിച്ച് ഈ ജന്മം മുഴുവൻ ഉത്തമ സുഹൃത്തായി നീ കൂടെ ഉണ്ടായിരുന്നെങ്കിൽ...!!!  


ചില നേരങ്ങളിൽ നൊമ്പരമായി, ചില നേരങ്ങളിൽ ഒരു നനുത്ത തൂവൽസ്പർശമായി, എന്‍റെ  നെഞ്ചിൽ നീയുണ്ട്..... ഒരു നല്ല സുഹൃത്തായി എന്നും കൂടെയുണ്ടാകും....!!! ഉണ്ടാവണം....!!!!

@jaison...✍️💕💕


Wednesday, July 24, 2019

നഷ്ടങ്ങളുടെ താഴ്‌വാരം....

എന്നോ നഷ്ടമായ ഇലഞ്ഞിപ്പൂവിന്റെ മണമുണ്ട് ഈ  താഴ്‌വരയിലെ കാറ്റിന്.... ഇവിടെ അടുത്തെവിടെയോ മഴ പെയ്യുന്നുണ്ട്.... അതുകൊണ്ടാവാം ഒരു തണുത്ത കാറ്റ് ഞാനറിയാതെ മുഖത്തെ തഴുകി കടന്നു പോയത്.... മഴ നനഞ്ഞ്, മഴയെയറിഞ്ഞ്, മഴയുടെ നിറവിലങ്ങനെയാ ഇലഞ്ഞിപ്പൂവിന്റെ നനുത്ത സുഗന്ധത്തെ നെഞ്ചോടണച്ച്‌ ഒരു  മഴവില്ലുപോലെ മാനത്തു നിറഞ്ഞു നിൽക്കണം.. മാഞ്ഞു പോകുമെന്നറിയാം... അല്പനിമിഷമെങ്കിലും... കാലം തെറ്റിപെയ്യുമീ മഴയിലും ഇലഞ്ഞി മരത്തിൽ ഇന്ന് നിറയെ പൂവിട്ടിരിക്കുന്നു... 

അവൾക്കായ് മാത്രം... 
പറയാതെ പോയതെല്ലാം പറഞ്ഞുതീ൪ക്കാ൯.. നൽകാൻ മറന്നതൊക്കെ നെഞ്ചോടണയ്ക്കാ൯.. 
മഴയോടൊപ്പം ഇന്നീ മുറ്റത്തെ ഇലഞ്ഞിയുടെ സുഗന്ധ പേടകവുമായ് കാറ്റിനോടും മഴക്കുഞ്ഞിനോടും മന്ദാരച്ചെടിയോടും പ്രണയം ചൊല്ലിയൊരു സുഗന്ധമായ്..... തഴുകലായ്...... തലോടലായ്...... അങ്ങനെ തീരണം ഈ ഹൃസ്വമായ ജീവിതവും....

Friday, March 1, 2019

ഒറ്റക്കൊരു ലോകം......


ഒറ്റക്ക് നടക്കുന്നവന്‍ ആര്‍ക്കും പകുത്തു കൊടുക്കാതെ, ഭൂമിയെ കൂടെ നടത്തുന്നു... വഴിയരികിലെ മരക്കൊമ്പില്‍ നിന്നും അടര്‍ന്നു വീഴുന്ന, ഒരിലയുടെ തലയോട് തകരുന്ന ശബ്ദം, ഒരു നിലവിളി പോലെ അവനെയെപ്പോഴും  അലട്ടികൊണ്ടിരിക്കും....

ഒറ്റക്ക് നടക്കുന്നവന്‍ ഏറ്റവും കൃത്യമായി കുമ്പസാരിക്കുന്നുമുണ്ട്.. അവനും ഭൂമിക്കുമിടയില്‍ ദൂരങ്ങളില്ലാതിരിക്കേ, തുറന്നുപറച്ചിലുകള്‍ എത്രയെളുപ്പം...! വഴിയരികിലെ മുള്‍വേലിയില്‍ പടര്‍ന്നു പൂത്ത മുല്ലവള്ളികളില്‍ മുഖം ചേര്‍ത്ത് ഒരു കുമ്പസാരക്കൂടിനോടെന്നപോല്‍ അവന്‍ ഉള്ളു തുറക്കും.. പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ ഒരു സൗഹൃദത്തെ കുറിച്ച്, പ്രണയത്തെക്കുറിച്ച്,  തന്‍റെ  പ്രിയ സുഹൃത്തിനെക്കുറിച്ച്‌....

കൂട്ടം കൂടി നടക്കുന്നവര്‍ ഭൂമിയെ പകുത്തു കൈമാറുമ്പോള്‍, ഒറ്റക്ക് നടക്കുന്നവന്‍ തന്‍റെ ലോകം തിരിച്ചു പിടിക്കുന്നത്‌ ഭൂമിയുടെ തോളില്‍ കൈകോര്‍ത്തു നടക്കുമ്പോഴാണല്ലോ..!

ഒറ്റക്ക് നടക്കുന്നവന്‍ ഒറ്റക്കാണെന്നു കരുതരുത്‌...  അവനോട് ചേര്‍ന്ന് ഒരു ലോകവും കൂടെയുണ്ട്... നമ്മുടെ കാഴ്ചകളില്‍ തെളിഞ്ഞു കാണാത്ത പ്രണയത്തിന്‍റെ , സൗഹൃദത്തിന്‍റെ, ആത്മാവിന്‍റെ ആഴങ്ങളില്‍ ഒളിപ്പിച്ചു വച്ച നേരിന്‍റെ, നെറിയുടെ  ഒരു ലോകം.......!!!!

Wednesday, February 20, 2019

സുഹൃത്ത്......!!!

എത്രയൊക്കെ കൈവഴികൾ ഉണ്ടായാലും, ആ കൈവഴിയിലൂടെ എത്ര തന്നെ ഒഴുകിയാലും, അവസാനം സാഗരത്തിൽ ഒഴുകി ലയിക്കുന്ന നദിയുടെ നിയമം പോലെ, ആത്മാവ് ആത്മാവിൽ മാത്രം ഒന്നായി തീരുന്ന പോലെ ചിലതുണ്ട്.... കാലത്തിനും, ഭാഷയ്ക്കും, ജാതിയ്ക്കും ഉപരി, എല്ലാ ബന്ധങ്ങള്ക്കും, ബന്ധനങ്ങൾക്കും അതീതമായി, മഴനീരിൽ അലിഞ്ഞലിഞ്ഞു ഇല്ലാതായ മിഴിനീരു പോലെ... വെറുതെ  ഒന്നോർക്കുമ്പോൾ തന്നെ മനസ്സ് നിറയുകയും, മിഴികൾ തിളങ്ങുകയും ചെയ്യുന്ന ഇലഞ്ഞിപ്പൂവുകളുടെ സുഗന്ധം... ഒരുപാട് അകലെയാണെങ്കിലും അടുത്തറിയുന്ന നിശ്വാസങ്ങൾ... ഓരോ വാക്കിലൂടെയും തൊട്ടറിയുന്ന വാത്സല്യം... ആദ്യ കാഴ്ചയിലും ഓരോരോ കാഴ്ചകളിലും പുതുമകൾ നിറയുന്ന സാമീപ്യം... ഏതോ ജാലക വിരിയ്ക്കപ്പുറത്തു നിന്നും എനിയ്ക്കായി മാത്രമുള്ള ഗന്ധർവ ഗീതികൾ.... സാരമുള്ളവയേയും സാരമില്ലാതാക്കുന്ന സാന്ത്വന മന്ത്രം.... പേരിട്ടു വിളിയ്ക്കാൻ ആവാതെ പോകുന്ന ചില ബന്ധങ്ങൾ... കാഴ്ച്ചയ്ക്കുമപ്പുറം കേട്ടറിവിന്റെ നേരിൽ നന്മ നിറഞ്ഞ ഒരു മന്ദഹാസം... നീയാണിന്നെൻ പ്രിയ സുഹൃത്ത്... നന്മയുടെ, നേരിന്റെ, സാന്ത്വനത്തിന്റെ, കൂടപ്പിറപ്പ്... എന്നും എന്നും എന്റെ സ്വന്തം സുഹൃത്ത്....

Tuesday, February 5, 2019

ഇലഞ്ഞിപ്പൂവ്........

ഇലഞ്ഞി മരത്തിന്റെ ചില്ലയിൽ നിന്നും ഒരു കുഞ്ഞു പൂവ് മെല്ലെ വട്ടം കറങ്ങി, ഭുമിയിലേക്ക് പറന്നിറങ്ങി... ഒരു പൂവ് മാത്രം നൽകി എന്നെ പറ്റിക്കണ്ടാട്ടോ.. ഞാൻ ഇലഞ്ഞി മരത്തിന്റെ കാതിൽ ചൊല്ലി.... ഇലഞ്ഞിമരം ഒന്നുകൂടെ ഇളകി.. ഇലഞ്ഞിപൂക്കൾ ഒരു മഴ കണക്കെ താഴേക്ക്... എന്റെ ശരീരം മുഴുവൻ ഇലഞ്ഞിപ്പൂക്കൾ, ചുറ്റിലും ഇലഞ്ഞിപൂക്കളുടെ മനം മയക്കുന്ന ഗന്ധം... ഞാൻ പെട്ടെന്ന് കണ്ണുതുറന്നു.. കണ്ടത് സ്വപ്നമായിരുന്നു.. ഞാൻ മുറ്റത്തിറങ്ങി ഇലഞ്ഞി മരത്തിന്റെ ചുവട്ടിലേക്കു വേഗം നടന്നു...മരത്തിൽ നിന്നും ഒരു ഇലഞ്ഞിപ്പൂവ് എന്റെ കൈയിൽ വന്നു വീണു... ആ പൂവ് എന്നോട് രഹസ്യമായി മന്ത്രിച്ചു, ഞാൻ ഈ മരത്തിലെ അവസാനത്തെ പൂവാണ്..... ഇനിയൊരിക്കലും മറ്റൊരു പൂവ് തേടി നീ വരരുത്... ഞാൻ തന്ന സുഗന്ധം നിന്നിൽ നിന്നും മായാതെ പോകട്ടെ... പക്ഷെ ഞാനിന്നും കാത്തിരിക്കുന്നു... ഒരുനാൾ ഇലഞ്ഞി മരം പൂത്തുലഞ്ഞു ഇലഞ്ഞിപ്പൂക്കൾ പൊഴിക്കുന്നത് കാണാനാവുമെന്ന പ്രത്യാശയോടെ....!!!!

Thursday, March 15, 2018

തനിച്ച്....!!

പകലിന്റെ കൂട്ടുകാരൻ യാത്ര പറഞ്ഞു കടലിൽ മുങ്ങി താഴുന്നതിനു മുന്പേ, രാത്രിയുടെ കൂട്ടുകാരൻ എത്തിയിരുന്നു... ഈ തീരത്തെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകള്‍ക്ക്  അസ്തമയ സൂര്യന്റെ സ്വര്‍ണ വര്‍ണം...
സന്ദര്‍ശകര്‍ ഇപ്പോഴും ഒഴിഞ്ഞു പോയിട്ടില്ല...
തിരമാലയേക്കാൾ ഉച്ചത്തില്‍ ചിരിക്കുന്ന കുഞ്ഞുങ്ങള്‍ , നിഷ്കളങ്കമായ മനസ്സിനുടമകൾ.. അസൂയ തോന്നി ആ കുഞ്ഞുങ്ങളോട്..
എന്നരികിലൂടെ എന്തോ പറഞ്ഞു പരസ്പരം, പിച്ചിയും മാന്തിയും, തൊട്ടും തലോടിയും, പൊട്ടിച്ചിരിച്ചു കടന്നു പോയ യുവ മിഥുനങ്ങള്‍..
അവരെന്തായിരിക്കും പറഞ്ഞത്...?? 
തീരത്തെ പാറക്കെട്ടിനു മുകളിൽ കിടന്നു, അല്പസമയം മെല്ലെയൊന്നു മയങ്ങിപ്പോയി... മങ്ങിത്തുടങ്ങിയ വെളിച്ചത്തിന് അനുസരിച്ചു സന്ദര്‍ശകർ പലരും പോയി തുടങ്ങി.... ഈ കടൽ തീരത്ത് ഞാൻ തനിച്ചായി തുടങ്ങിയിരിക്കുന്നു...
രാത്രിയുടെ കൂട്ടുകാരനും ഇന്ന് തനിച്ചാണ്... കൂടെ ആരെയും കാണുന്നില്ല... എന്റെ അരികിലൂടെ കടന്നു പോയ മിന്നാമിനുങ്ങിനോടും, തിരമാലയിൽ കളിച്ചു കൊണ്ടിരുന്ന കൊച്ചു കൊച്ചു ഞണ്ടുകളോടും ഞാന്‍ കുശലം ചോദിച്ചു.... നിങ്ങളും എന്നെ തനിച്ചാക്കി പോകുകയാണോ.....??
തിരമാലകള്‍ അപ്പോഴും നിലയ്ക്കാത്ത സംഗീതം പൊഴിച്ച് കൊണ്ടേയിരുന്നു.... ആ സംഗീതം ഇന്നെന്നെ ഒരു മയക്കത്തിലേക്കു ക്ഷണിച്ചു...
സ്വപ്നങ്ങളില്ലാത്ത മയക്കത്തിലേക്ക്‌....!!

Sunday, September 17, 2017

കഴുകൻ......!!!

കഴുകാ........!!
എന്നെ റാഞ്ചി പറന്ന നിന്‍റെ മൂര്‍ച്ചയുള്ള കാല്‍ നഖങ്ങളെന്‍റെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും, ഞാൻ നിസ്സഹായതയോടെ ചേര്‍ന്ന് നിന്നില്ലേ.....?

നിന്‍റെ കൂര്‍ത്ത ചുണ്ടുകളെന്‍റെ
ഹൃദയം കൊത്തി വിഴുങ്ങുമ്പോഴും,
വിധേയനായി ഞാൻ മൌനമായിരുന്നില്ലേ....?

എന്നിട്ടുമെന്തേ , നിന്‍റെ ചോരച്ച കണ്ണുകള്‍ കൊണ്ടിങ്ങനെ തുറിച്ചു നോക്കി എന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത് ....?